സൂപ്പര്‍ എല്‍ നിനോ പ്രതിഭാസത്തില്‍ ആഗോള റബര്‍ ഉത്പാദനം ചുരുങ്ങുന്നത് ടയര്‍ വ്യവസായികളെയും കയറ്റുമതിക്കാരെയും ഒരുപോലെ ആശങ്കയിലാക്കി. റബര്‍ ഉത്പാദനത്തേക്കാള്‍ ഡിമാന്‍ഡ് ഉയരുമെന്ന് വ്യക്തമായതോടെ കരുതലോടെയാണ് വാങ്ങലുകാര്‍ ഓരോ ചുവടും വയ്ക്കുന്നത്. തായ്ലന്ഡ് അടക്കമുള്ള രാജ്യങ്ങളിലെ കയറ്റുമതിക്കാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും മുന്നേ കാലാവസ്ഥ സ്ഥിതിഗതികള്‍ അടിക്കടി വിലയിരുത്തുകയാണ്.
കനത്ത മഴയും വെള്ളപ്പൊക്കവും കര്‍ഷകരെ തോട്ടങ്ങളില്‍നിന്നു പിന്തിരിപ്പിക്കുന്നതിനാല്‍ ടാപ്പിംഗ് ദിനങ്ങള്‍ ചുരുങ്ങി. തായ് വിപണിയായ ബാങ്കോക്കിനൊപ്പം മലേഷ്യയില്‍ ക്വാലാംപുര് മാര്‍ക്കറ്റിലും വിലക്കയറ്റ സാധ്യതകള്‍ തെളിഞ്ഞ് നില്‍ക്കുകയാണ്. കാലാവസ്ഥ വിഭാഗം തായ്ലാന്ഡിലും മലേഷ്യയിലും മഴ പ്രവചനം നടത്തിയിട്ടുണ്ട്.
നവംബറിലും ഡിസംബറിലും ഈ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചില്ലങ്കില്‍ റബറദിഷ്ഠിത വ്യവസായരംഗം അടുത്ത വര്‍ഷം കടുത്ത പ്രതിസന്ധിയില്‍ അകപ്പെടാം. റബര്‍ ക്ഷാമം തുടരുന്നതിനാല്‍ ജപ്പാന്, ചൈന, സിംഗപ്പുര്‍ അവധി വ്യാപാര കേന്ദ്രങ്ങളില്‍ ഓപ്പറേറ്റര്‍മാര്‍ ഷോർട്ട് പൊസിഷനുകള്‍ക്ക് തിടുക്കം കാണിക്കില്ലെന്നത് ഊഹക്കച്ചവടക്കാരെയും വാങ്ങലുകാരാക്കാം. ജപ്പാനില്‍ റബര്‍ 15 വര്‍ഷത്തെ ഉയര്‍ന്ന തലത്തിലാണ്.
റബര്‍ അവധി വില കഴിഞ്ഞ ലക്കം സൂചിപ്പിച്ച 444 യെന്നിലെ സപ്പോര്‍ട്ടില്‍ പരീക്ഷണം നടത്തിയ ശേഷമുള്ള തിരിച്ചുവരവില്‍ കിലോ 457 യെന്‍ വരെ മുന്നേറി, ക്ലോസിംഗില്‍ 452ലാണ്. 450ന് മുകളില്‍ തുടരുന്നത് ബുള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് ആത്മവിശ്വാസം പകരും. ഈ വാരം 457-462ലെ പ്രതിരോധം മറികടന്നാല്‍ 470-478 നെ ലക്ഷ്യമാക്കും. റബറിന് 440-432 യെന്നില്‍ സപ്പോര്‍ട്ടുണ്ട്. 2011ല്‍ റബര്‍ വില 535 യെന്‍ വരെ ഉയര്‍ന്ന് റിക്കാര്‍ഡ് സ്ഥാപിച്ചിരുന്നു. ദേശീയ അവധി ദിനങ്ങള്‍ മൂലം ചൈനയില്‍ ഷാങ്ഹായ് എക്സ്ചേഞ്ചിലെ പ്രവര്‍ത്തനങ്ങള്‍ വാരമധ്യത്തോടെ മാത്രമേ പുനരാരംഭിക്കൂ. ബാങ്കോക്കില്‍ റബര്‍ കിലോ 268 രൂപയിലാണ്.
സംസ്ഥാനത്ത് അനുകൂല കാലാവസ്ഥ അവസരമാക്കി റബര്‍ ടാപ്പിംഗ് പരമാവധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കാര്‍ഷിക മേഖല. പല ഭാഗങ്ങളിലും മരങ്ങളില്‍നിന്നുള്ള പാല് ലഭ്യത സാധാരണ സെപ്റ്റംബറില്‍ ലഭിക്കുന്ന അളവിലേക്ക് എത്തിയിട്ടില്ല. ഉയര്‍ന്ന പകല്‍ച്ചൂട് തന്നെയാണ് യീല്‍ഡ് കുറയാന്‍ ഇടയാക്കിയത്. ലാറ്റക്സ് കിലോ 193 രൂപയില്‍നിന്നും 198 രൂപയായി. ആര്‍എസ്എസ് നാലാം ഗ്രേഡ് 277 രൂപയില്‍നിന്നും 280 രൂപയായി.
പ്രൗഢിയിൽ കുരുമുളക്
ആഗോള സുഗന്ധവ്യഞജന വിപണിയില്‍ മലബാര്‍ കുരുമുളക് അതിന്റെ പ്രൗഡി നിലനിര്‍ത്തുകയാണ്. നടപ്പു വര്‍ഷം 50ലധികം രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ കുരുമുളക് കയറ്റുമതി നടന്നു. ഓസ്ട്രേലിയയും അമേരിക്കയും ബ്രിട്ടനുമാണ് ഇറക്കുമതിയില്‍ മുന്നില്‍. കയറ്റുമതി വിപണിയില്‍ ഇന്ത്യ സജീവമല്ലെന്ന് കഴിഞ്ഞ ലക്കം സൂചിപ്പിച്ചിരുന്നങ്കിലും അതിന്റെ കൂടുതല്‍ വ്യക്തതയ്ക്കായി നടത്തിയ നീക്കങ്ങളാണ് ഇറക്കുമതി രാജ്യങ്ങള്‍ മലബാര്‍ മുളക് ഇപ്പോഴും ശേഖരിക്കുന്ന കണക്കുകള്‍ കണ്ടെത്താനായത്.
ആഭ്യന്തര വിലക്കയറ്റം തടയാന്‍ വിദേശ ഓര്ഡറില്ലെന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം കയറ്റുമതി ലോബി പറയുന്നതിന്റെ ചുരുക്കം ഇപ്പോള്‍ കര്‍ഷകര്‍ക്ക് വ്യക്തമായിക്കാണും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മലബാര്‍ മുളകിനോടുള്ള പ്രേമം ഒട്ടും കുറഞ്ഞിട്ടില്ല. എന്നാല്‍ ഒരു വ്യാഴവട്ടം മുന്നേ അവര്‍ ശേഖരിച്ചിരുന്ന അളവില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. പക്ഷേ വിദേശ ഓര്‍ഡറുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ വിലക്കയറ്റം ഭയന്ന് കയറ്റുമതി ലോബി മൗനം പാലിക്കുകയാണ്.
ഇന്ത്യന്‍ വില ടണ്ണിന് 7800-8000 ഡോളറിലാണ്. അതേസമയം ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന് വ്യക്തമായതോടെ ബ്രസീലിയന്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ കുരുമുളകിന് ഡിമാൻഡ് ഉയരുന്നു. ബ്രസീലിയന്‍ മുളക് വില ടണ്ണിന് 5850 ഡോളറാണ്. വിയറ്റ്നാം 550 ലിറ്റര്‍ 6250 ഡോളറും ഇന്തോനേഷ്യ 6800 ഡോളറും മലേഷ്യന്‍ 9250 ഡോളറുമാണ്.
ഉത്തരേന്ത്യന്‍ കറിമസാല വ്യവസായികള്‍ക്ക് ദീപാവലി വരെയുള്ള കാലയളവിലേക്ക് വന്‍തോതില്‍ ചരക്ക് ആവശ്യമുണ്ട്. പ്രതികൂല കാലാവസ്ഥാ മൂലം അടുത്ത വര്‍ഷം വിളവ് ചുരുങ്ങുമെന്ന ഭീതി കര്ഷകരിലുള്ളതിനാല് അവര്‍ വില്‍പ്പന നിയന്ത്രിക്കുന്നതില്‍ തെറ്റ് പറയാനാകില്ല. കൊച്ചി ഗാര്‍ബിള്‍ഡ് കുരുമുളക് ക്വിന്റലിന് 72,200 രൂപ.
വഴുതി വെളിച്ചെണ്ണ
മാസാരംഭ ഡിമാൻഡും ദീപാവലി വരെയുള്ള ഉയര്‍ന്ന വിലയും മുന്നില്‍ കണ്ട് സംഭരിച്ച വെളിച്ചെണ്ണ വന്‍കിട മില്ലുകാര്‍ വിറ്റുമാറാന്‍ ശ്രമം നടത്തി. ഭക്ഷ്യ എണ്ണ ഇറക്കുമതി ഡ്യൂട്ടില്‍ വരുത്തിയ ഇളവുകള്‍ കാങ്കയം ലോബിയുടെ കണക്ക് കൂട്ടലുകള്‍ പാടെ തകിടം മറിച്ചു. ഓണവേളയില്‍ കൃത്രിമ വിലക്കയറ്റം സൃഷ്ടിച്ച രീതിയില്‍ ദീപാവലിക്ക് മുന്നോടിയായി വിപണിയെ അമ്മാനമാടാനാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു അവര്‍.
എന്നാല്‍ പാം ഓയിലും സൂര്യകാന്തി എണ്ണയും കേരളത്തില്‍ കൂടുതലായി വിൽ്പനയ്ക്ക് എത്തുമെന്നതില്‍ ഉപഭോക്താക്കള്‍ താഴ്ന്ന വിലയ്ക്ക് മുന്‍തൂക്കം നല്‍ക്കുമെന്ന ആശങ്കയിലാണ് മില്ലുകാര്‍.
കൊച്ചിയില്‍ വെളിച്ചെണ്ണ ക്വിന്റലിന് 25,300 രൂപയില്‍നിന്നും 24,900 രൂപയായി. കാങ്കയത്ത് നിരക്ക് 21,675 രൂപയില്‍നിന്നും 20,675ലേക്ക് ഇടിഞ്ഞു, ഒറ്റ ആഴ്ചയില്‍ 1000 രൂപയുടെ കുറവ്. വിപണിയിലെ പുതിയ സംഭവവികാസങ്ങള്‍ നാളികേര ഉത്പന്നങ്ങളെ അല്പം പിരിമുറുക്കത്തിലാക്കാം.
സുഗന്ധം ഇരട്ടിപ്പിച്ച് ഏലം
ആഭ്യന്തര വ്യാപാരികളെയും കയറ്റുമതിക്കാരും ലേലകേന്ദ്രങ്ങളില്നിന്ന് പരമാവധി ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു. ശരാശരി ഇനങ്ങള്‍ വാരാന്ത്യം കിലോ 3187 രൂപയിലും മികച്ചയിനങ്ങള്‍ 3793 രൂപയിലുമാണ്.